Monday, February 11, 2008

ജ്യോത്സ്ന

എന്റെ വീട്ടില്‍ ഒരു മുല്ല ചെടി ഉണ്ടായിരുന്നു. എല്ലാകാലത്തും അതില്‍ പൂവും ഉണ്ടാവുമായിരുന്നു. ആദ്യമൊക്കെ ആ മുല്ലയില്‍ വളരെകുറച്ച് പൂവേ ഉണ്ടാവാറുള്ളു.എന്നു വെച്ചാല്‍ പേരിനു മാത്രം എന്നും പൂവു കാണും അത്ര തന്നെ. എന്റെ അച്ഛനാണെങ്കില്‍ പൂന്തോട്ടനിറ്മാണത്തിലും പരിപാലനത്തിലും വലിയ കമ്പവുമാണ്‍. അച്ഛന്‍ അതിനു പ്രത്യേക ശുശ്രൂഷയും നല്‍കിയിരുന്നു.

വേനല്‍ക്കാലമായാല്‍ ചെടികള്‍ നനയ്ക്കണമല്ലോ, കുഞ്ഞായിരുന്നപ്പോള്‍ ചെടിനനയ്ക്കാനുള്ള അനുവാദം എനിയ്ക്കുണ്ടായിരുന്നില്ല. അന്നൊക്കെ ചേച്ചി നനയ്ക്കുന്നതും നോക്കി കൊതിയോടെ നില്‍ക്കുമായിരുന്നു. അപൂറ് വമായി അവളുടെ ദാക്ഷിണ്യം കൊണ്ട് ഒന്നോ രണ്ടോ ചെടി നനയ്ക്കാനുള്ള അവസരവും ലഭിച്ചിരുന്നു.അങ്ങനെ ഞാന്‍ നാലാം ക്ലാസ്സില്‍ എത്തിയപ്പോഴാണ്‍ ചെടിനനയുടെ പൂറ്ണ ചുമതല എനിയ്ക്കു കിട്ടിയത്. ചേച്ചി വലിയ ക്ലാസ്സില്‍ ആവുകയും അവള്‍ക്ക് റ്റൂഷ്യന്‍ എന്ന രണ്ടാം സ്കൂളിലേയ്ക്ക് പോകേണ്ടതിനാല്‍ ചെടി നനയ്ക്ക് സമയം ഇല്ലാതായതുമാണ്‍, ഈ അധികാരകൈമാറ്റത്തിന്റെ രഹസ്യം.

അങ്ങനെ ഞാ‍ന്‍ എന്റെ പുതിയ ജോലി വളരെയധികം ശുഷ്കാന്തിയോടെയും താല്പര്യത്തോടെയും ചെയ്തുപോന്നു. ആവറ്ത്തനവിരസത എന്നെയും ബാധിയ്ക്കാന്‍ തുടങ്ങി. ഇനിയുള്ള കൂടപ്പിറപ്പ് തീരെ കുഞ്ഞായതുകൊണ്ട് അധികാരകൈമാറ്റം അടുത്തെങ്ങും നടപ്പില്ല. മാത്രവ്വുമല്ല ഏല്പിച്ച ജോലി മടുത്തുതുടങ്ങി എന്ന് അച്ഛനോട് പറയാന്‍ എന്റെ ദുരഭിമാനം സമ്മതിയ്ക്കുന്നുമില്ല.

അതുകൊണ്ടു തന്നെ മടുപ്പു മാറ്റാന്‍ ഞാനൊരു വഴി കണ്ടുപിടിച്ചു. ചെടികളെയൊക്കെ ഞാനെന്റെ കൂട്ടുകാരായി സങ്കല്പിയ്ക്കാന്‍ തുടങ്ങി. മിക്ക ചെടികള്‍ക്കും ഓരോ പേരും കൊടുത്തു. എല്ലാവരോടും വിശേഷം പറഞ്ഞുകൊണ്ടായി പിന്നത്തെ എന്റെ ചെടിനന. ഞങ്ങളുടെ മുല്ലച്ചെടിയ്ക്കു ഞാന്‍ കൊടുത്ത പേരാണ്‍ ജ്യോത്സ്ന. ഈ പേരിന്റെ ഉത്ഭവം കാളിദാസന്റെ ശാകുന്തളത്തില്‍ നിന്നാണ്‍. ചേച്ചിയ്ക്ക് ശാകുന്തളത്തിന്റെ ഒരു ചെറിയ ഭാഗം പഠിയ്ക്കാനുണ്ടാ‍യിരുന്നു. അവള്‍ അവള്‍ക്കു മനസ്സിലായ ശാകുന്തളത്തിന്റെ കഥ എനിയ്ക്കും പറഞ്ഞു തന്നിരുന്നു. അങ്ങനെയാണ്‍ ശകുന്തളയുടെ മുല്ലച്ചെടിയായ വനജ്യോത്സ്നയെ ഞാന്‍ പരിചയപ്പെടുന്നത്. കാളിദാസന്റെയും ശാകുന്തളത്തിന്റെയും മഹത്വം മനസ്സിലാക്കിയിട്ടൊന്നുമല്ല ആ പേര്‍ എനിക്കിഷ്ടപ്പെട്ടിരുന്നതുകൊണ്ട് ഞാനതു എന്റെ മുല്ലയ്ക്കുവേണ്ടി തിരഞ്ഞെടുത്തു.പക്ഷേ എന്റെ മുല്ലച്ചെടി വനത്തില്‍ അല്ലാത്തതിനാല്‍ ഞാന്‍ അതില്‍നിന്നും ജ്യോത്സ്ന എന്നതുമാത്രം സ്വീകരിച്ചു.

അപ്പോഴേയ്ക്കും ജ്യോത്സ്നയില്‍ നന്നായി പൂവുണ്ടാവാനും തുടങ്ങിയിരുന്നു. എന്നും ഞങ്ങള്‍ക്കു പൂവു തരുന്നതുകൊണ്ടാണോ എന്നറിയില്ല , മറ്റുചെടികളേക്കാള്‍ എനിക്കിഷ്ടം ജ്യോത്സ്നയോടായിരുന്നു. ജ്യോത്സ്നയോട് ഞാന്‍ എല്ലാ വിശേഷങ്ങളും പറയുമായിരുന്നു. ഒരു ഉത്സവകാലത്തു ജ്യോത്സ്നയില്‍ എന്നും നിറയെ പൂവുണ്ടാവാന്‍ തുടങ്ങി.ഇലകള്‍ കാണാനൊക്കാത്തവിധത്തില്‍ പൂക്കള്‍. ഞങ്ങള്‍ക്കു വലിയ ഗമയായിരുന്നു അന്ന്, കാരണം ഞങ്ങള്‍ക്കു വേണ്ടത്ര എടുത്തിട്ട് ബാക്കി പൂവു അയല്പക്കത്തുള്ള മറ്റു കുട്ടികള്‍ക്കു കൊടുക്കുമായിരുന്നു. നിങ്ങളുടെ മുല്ലയ്ക്കെന്താഭ്രാന്ത് പിടിച്ചോ എന്ന് ചിലരൊക്കെ കമന്റും പറയാറുണ്ട്.

ഒരു ദിവസം ഞങ്ങള്‍ പൂവെല്ലാം കൊരുത്തു കഴിഞ്ഞപ്പോഴേയ്ക്കും രണ്ട് വലിയ ഉണ്ട പൂവ്വുണ്ടായിരുന്നു.എല്ലാവറ്ക്കും അതിശയമായി. അന്നു ഞങ്ങള്‍ എല്ലാവരും പൂവും ചൂടി ഉത്സവത്തിനു പോവുകയും ചെയ്തു. പക്ഷേ ഞങ്ങളാരും അറിഞ്ഞിരുന്നില്ല അതു ജ്യൊത്സ്നയുടെ അവസാനത്തെ വസന്തമായിരുന്നു എന്ന്. അതിനുശേഷം ജ്യോത്സ്നയില്‍ ഒരു പൂമൊട്ടുപോലും ഉണ്ടായില്ല. അച്ഛന്‍ പലതരം വളങ്ങള്‍ പരീക്ഷിച്ചുനോക്കി, ഞാന്‍ ജ്യോത്സ്നയോട് നിനക്കെന്താ പറ്റിയതെന്നു ഒരുപാടു തവണ ചോദിച്ചു, അവള്‍ ഇലകള്‍കൊണ്ട് എന്നെ ഉരുമുക മാത്രം ചെയ്തു. എനിയ്ക്കു കരച്ചില്‍ വരുന്നുണ്ടായിരുന്നു. ദിവസങ്ങള്‍ കഴിയുംതോറും അവള്‍ തന്റെ വയ്യായ്ക കൂടുതല്‍ പ്രകടിപ്പിയ്ക്കാന്‍ തുടങ്ങി.


പിന്നീട് ഞാനവള്‍ക്കു വെള്ളമൊഴിയ്ക്കുമ്പോള്‍ , അച്ഛ്നും അമ്മമ്മയുമെല്ലാം പറയുമായിരുന്നു ഇനി അതിന്‍ വെള്ളമൊഴിയ്ക്കണ്ട. ഒഴിച്ചിട്ട് ഒരു കാര്യവുമില്ല. പക്ഷെ എന്നാലും ഞാന്‍ എന്നും അവളെ നനച്ചു പോന്നു. അവളുടെ ഇലകളിലെല്ലാം എന്തോ നിറവ്യത്യാസം വരാന്‍ തുടങ്ങി, ക്രമേണ ഇലകൊഴിയാനും അവള്‍ ഉണങ്ങാനും തുടങ്ങി. എന്നാലും ഞാന്‍ എന്നും അവളോട് എന്റെ വിശേഷങ്ങള്‍ പറയുമായിരുന്നു. ഒരു ദിവസം സ്കൂളുവിട്ടു ഞാന്‍ വന്നപ്പോള്‍ അച്ഛന്‍ എന്റെ ജ്യോത്സ്ന നിന്നിടത്തുനിന്നു തൂമ്പകൊണ്ടു കിളയ്ക്കുന്നു. ഞാന്‍ ഞെട്ടിപ്പോയി ജ്യോത്സ്നയെ കാണാനില്ല.

“അച്ഛാ ഇവിടെ ഉണ്ടായിരുന്ന മുല്ലച്ചെടിയോ?“

“അതോ അതു ഞാന്‍ വെട്ടിക്കളഞ്ഞു“

അച്ഛന്റെ മുഖത്തു നിറ് വികാരത.... എനിയ്ക്ക് സങ്കടം വന്നു
“അച്ഛനെന്തു പണിയാ ചെയ്തെ അതു പൂ തന്നിരുന്ന സ്സമയത്ത് അതിനോട് എല്ലാറ്ക്കും എന്തിഷ്ടമായിരുന്നു ഇപ്പൊ അതിനു വയ്യാണ്ടായപ്പൊ വെട്ടി കളഞ്ഞൂലെ“
ഞാന്‍ കരയാന്‍ തുടങ്ങിയിരുന്നു. അച്ഛനു അതു കണ്ടിട്ടു ചിരിയും.
“നീ എന്തിനാ കരയുന്നെ ഞാന്‍ ഇന്നു തന്നെ വേറെ ഒരു മുല്ല നടുന്നുണ്ട്. അടുത്തകൊല്ലം ഈ സമയമാവുമ്പോഴേയ്ക്കും അതിലും നിറയെ പൂവുണ്ടാവും“.

ഞാന്‍ ഒന്നും മിണ്ടിയില്ല . പക്ഷേ ആ മുല്ല എന്റെ ജ്യോത്സ്നയായിരിയ്ക്കില്ലല്ലോ? തെങ്ങിന്‍ ചുവട്ടില്‍ കിടന്നിരുന്ന എന്റെ ജ്യോത്സ്നയെ കുറച്ചു സമയം കഴിഞ്ഞപ്പോള്‍ അയല് വക്കത്തെ ചേച്ചി ആടിനു കൊടുക്കാനായി വാരിക്കൊണ്ടുപോയി. എന്റെ സങ്കടം ഞാന്‍ ആരോടു പറയാന്‍. അങ്ങനെ എനിയ്യ്ക്കെന്റ ജ്യോത്സ്നയെ നഷ്ടമായി.

Tuesday, November 20, 2007

പ്രോബബിലിറ്റി ഫോറ് ആന്‍ ആക്സിഡന്റ്

ബസ്സിറങ്ങി റോഡ് ക്രോസ്സ് ചെയ്യാന്‍ നിന്നപ്പോള്‍ ഇടതുനിന്നും ഒരു കാറും വലതുനിന്നും ഒരു ബൈക്കും വരുന്നുണ്ട്. മനസ്സില്‍ പെട്ടെന്ന് ഓറ്മ്മ വന്നതു അന്ന് ലാസ്റ്റ് പിരിയഡ് സ്റ്റാറ്റിസ്റ്റിക്സ് സാറ് എടുത്ത പ്രോബബിലിറ്റി ആണ്‍. അതിനു സാറ് തന്ന ഉദാഹരണങ്ങളില്‍ പ്രോബബിലിറ്റി ഫോറ് ആന്‍ ആക്സിഡന്റും ഉണ്ടായിരുന്നു. സ്റ്റാറ്റ് സാറിന്റെ പ്രോബബിലിറ്റിയില്‍ വിശ്വസിച്ചുകൊണ്ടു ഞാന്‍ മനസ്സില്‍ ഒരു പ്രോബബിലിറ്റി കാല്‍ക്കുലേഷന്‍ നടത്തി. കാറും ബൈക്കും എന്നില്‍ നിന്നും ഏതാണ്ട് ഒരേ ദൂരത്തില്‍ ആണ്‍, എന്റെ കാല്‍ക്കുലേഷന്റെ റിസല്‍റ്റനുസരിച്ച് ഒരു ശങ്കയൂം കൂടാതെ ധൈര്യമായി എനിയ്ക്കു റോഡ് ക്രോസ്സ് ചെയ്യാം.ഞാന്‍ ക്രോസ്സിങ്ങ് ആരംഭിച്ചു.

ഒരു നിമിഷം എന്താണു സംഭവിച്ചതെന്നു എനിയ്ക്കു തന്നെ മനസ്സിലായില്ല, ഓ! പരീക്ഷപേപ്പറില്‍ എന്ന പോലെ ഇവിടെയും പ്രോബബിലിറ്റി എന്നെ ചതിച്ചിരിയ്ക്കുന്നു, എന്റെ കാല്‍ക്കുലേഷന്റെ റിസല്‍റ്റ് തെറ്റായിരുന്നു (ഈ സ്റ്റാറ്റിസ്റ്റിക്സ് അല്ലെങ്കിലും ഇങ്ങനെയാ വിശ്വസിയ്ക്കാന്‍ കൊള്ളില്ല, മാത്രവുമല്ല എന്നോടു ഒരു സ്നേഹവുമില്ല) എന്റെ എപ്പോഴത്തെ അവസ്ഥ എന്താണെന്നുവെച്ചാല്‍ ചെകുത്താനും കടലിനും നടുക്ക് എന്നപോലെ കാറിനും ബൈക്കിനും ഇടയിലാണ്‍ ബൈക്ക് കാലില്‍ ഇടിച്ചിട്ടുണ്ടെന്നു കാല്‍ വേദനിയ്ക്കുന്നതില്‍ നിന്നും മനസ്സിലായി മാത്രവുമല്ല എന്റെ കയ്യിലിരുന്ന കെമിസ്ട്രി പുസ്തകം ഇപ്പോള്‍ ഭൂമിദേവിയുടെ കയ്യിലാണു ഇരിയ്ക്കുന്നതു ബൈക്കും ബൈക്കുകാരന്‍ ചേട്ടനും റോഡില്‍ കിടക്കുന്നു, കാറ്കാരന്‍ ചേട്ടന്‍ തലപുറത്തേക്കിട്ടു എന്നെ തെറി വിളിയ്കുന്നുണ്ട് നാട്ടുകാര്‍ കുറച്ചുപേരൊക്കെ ഓടി വരുന്നുണ്ട് .

പ്രോബബിലിറ്റിയെ ഉള്ളില്‍ ശപിച്ചുകൊണ്ടു ചമ്മല്‍ പുറത്തുകാണിക്കാതെ ഞാന്‍ എന്റെ പുസ്തകവും പെറുക്കി നടക്കാന്‍ തുടങ്ങി. അപ്പോഴേയ്ക്കും ബൈക്കുകാരന്‍ ചേട്ടന്‍ എന്തെങ്കിലും പറ്റിയോ എന്നു ചോദിച്ചുകൊണ്ട് എന്റെ അടുത്തേയ്ക്കെത്തി. തെറി കേല്‍ക്കാന്‍ തയ്യാറായി നിന്നിരുന്ന എനിയ്ക്ക്‍ കുശലന്വേഷണം കേട്ടപ്പോല്‍ ആശ്വാസമായി. “ ഏയ് ഒന്നുമില്ല ചേട്ടാ, ചേട്ടനു എന്തെങ്കിലും പറ്റിയോ? ” . അപ്പോഴെയ്ക്കും നാട്ടുകാരും എന്റെ ചുറ്റും കൂടി.ഭാഗ്യം, കാറുകാ‍രന്‍ ചേട്ടന്‍ അപ്പോഴെയ്ക്കും സ്ഥലം വിട്ടിരുന്നു. ബൈക്കുകാരന്‍ ചേട്ടന്‍ എന്നെ വിടാനുള്ള ഉദ്ദേശമില്ല.

“ വാ‍ നമുക്ക് ആശുപത്രീ പോവാം”
നാട്ടുകാരും ചേട്ടന്റെ കൂടെ ചേറ്ന്നു. “കാലില്‍ ഇടിയ്ക്കുന്നതു ഞാന്‍ കണ്ടതാ ഇപ്പോ ഒന്നും തോന്നില്ല, കുറ്ച്ചു കഴിയുമ്പോഴാ വേദന വരുക” . ആരുടെയോ വക കമന്റ്.

ഈശ്വരാ ആശുപത്രിയോ ഇതു പൊല്ലാപ്പാവുമെന്നാ തോന്നുന്നെ, ആക്സിഡന്റാ കേസ്സ്, ഇനി മിണ്ടാതിരുന്നിട്ടു കാര്യമില്ല,

“ എനിയ്ക്ക് ഒരു കുഴപ്പവുമില്ല ആശുപത്രീലൊന്നും പോവണ്ട, ഞാന്‍ വീട്ടില്‍ പൊയ്കോളാം “

പക്ഷെ ബൈക്കുകാരന്‍ ചേട്ടന്‍ എന്നെ ആശുപത്രീ കൊണ്ടോയാലെ സമധാനം കിട്ടു എന്നാണ്‍.
അവസ്സാനം എന്റെ അപേക്ഷ സ്വീകരിയ്ക്കപ്പെട്ടു, വീട്ടില്‍ പോകാനുള്ള അനുവാദം കിട്ടി. പോവാനായി എണീറ്റ ഞാ‍നിതാ കിടക്കുന്നു താഴെ, ഒന്നും ഇല്ല തലകറങ്ങി വീണതാ.

കണ്ണുതുറക്കുമ്പോല്‍ ഞാന്‍ ഓട്ടോയില്‍ ആണ്‍. “ എന്നെ ഇതെവിടെയ്ക്കാ കൊണ്ടുപോവുന്നെ? “
“പേടിയ്ക്കണ്ട മോളെ നമുക്കു ആശുപത്രീലൊന്ന് കാണിച്ചിട്ടു വീട്ടില്‍ പോകാം”.
ഇനി രക്ഷയില്ല.. “ ഏതു ആശുപത്രീലേയ്ക്കാ, എന്നെ എന്റെ അമ്മയുടെ ആശുപത്രീ കൊണ്ടോയാമതി” (അമ്മയുടെ ആശുപത്രി എന്നാല്‍ അമ്മ ജോലി ചെ യ്യുന്ന ആശുപത്രി എന്നറ്ഥം).

ആശുപത്രിയുടെ പടിയ്ക്കല്‍ തന്നെ എന്നെ കണ്ടിട്ടു വേണം,കരച്ചില്‍ തുടങ്ങാന്‍ എന്ന ഭാവത്തില്‍ അമ്മനില്‍ക്കുന്നുണ്ട്. എന്നെ കണ്ടപ്പോഴെ അമ്മയ്ക്കു മനസ്സിലായി കുഴപ്പമൊന്നും ഇല്ല എന്റെ കയ്യിലിരുപ്പുകൊണ്ടുണ്ടായ പ്രശ്നമാണെന്നു.

ഡോക്ട് റെ കണ്ടു, സറ്ട്ടിഫിക്കറ്റും കിട്ടി "I'm Perfectly all right". പേടിച്ചു തലചുറ്റിയതാണ്‍.

ബൈക്കുകാരന്‍ ചേട്ടന്‍ ഹാപ്പി, പോകും നേരം ഒരു ഉപദേശവും “ ഇനിയെങ്കിലും റോഡ് ക്രോസ്സ് ചെയ്യുന്നതു ശ്രദ്ധിച്ചു വേണം”.

നാട്ടുകാരുടെ വിവരണം കൂടെ കേട്ടപ്പോള്‍ അമ്മയുടെ B P ഹൈ.

എന്തായാലും അടുത്തദിവസ്സം തന്നെ അമ്മമ്മയുടെ പ്രത്യേക നിറ്ദേശപ്രകാരം എന്റെ കയ്യില്‍ ഒരു രക്ഷാ ചരടു കയറി, അസൂയക്കാരുടെ കണ്ണുകൊണ്ടാണ്‍ അപകടം പറ്റിയതെന്നാണു അമ്മമ്മയുടെ മതം.

“പ്രോബബിലിറ്റി എന്നെ ചതിച്ചതാണെന്ന കാര്യം അമ്മമ്മയ്ക്കറിയില്ലല്ലോ“

Sunday, September 30, 2007

പിശുക്ക്

പാട്ടുകേല്‍ക്കാന്‍ എനിക്കു ചെറുപ്പം മുതലെ വലിയ ഇഷ്ടമായിരുന്നു. ശാസ്ത്രീയ സംഗീതമായിരുന്നു കേല്‍ക്കാന്‍ കൂടുതല്‍ ഇഷ്ടം(അതിലെ ശാസ്ത്രീയതയൊന്നും എനിക്കുവലിയ പിടിയില്ലെങ്കിലും). ആദ്യമൊക്കെ വീട്ടിലെ റേഡിയോ ആയിരുന്നു ഏക ആശ്രയം. അതും വീട്ടിലുള്ളവരുടെ “ഇവല്‍ക്കു വട്ടാണു“ എന്നുള്ള പ്രശംസയും കേട്ടുകൊണ്ടാണു എന്റെ സംഗീത ആസ്വാദനം.പിന്നീട് എന്നൊ വീട്ടില്‍ ടേപ്പ് റിക്കാറ്ഡറ് എത്തി, അപ്പോഴും എന്റെ ആസ്വാദനം വലിയ കുഴപ്പമില്ലാതെ നടന്നു പോന്നു.

പ്രശ്നത്തിന്റെ ആരംഭം വീട്ടില്‍നിന്നും പഠനത്തിനായി മാറിനില്‍കേണ്ടിവന്നപ്പോഴാണ്‍. പാട്ടു കേല്‍ക്കാന്‍ ഒരു വഴിയുമില്ല, മനസിനെ ആശ്വസിപ്പിച്ചു, 2 വറ്ഷം കഴിഞ്ഞാല്‍ ജോലി കിട്ടുമല്ലൊ അപ്പൊ ഒരു ചെറിയ പാട്ടുപെട്ടി വാങ്ങിക്കാം.


2 വര്‍ഷം കഴിഞ്ഞു, താല്‍കാലികം എന്ന വ്യവസ്തയില്‍ ജോലിയും കിട്ടി. ഇനിയെന്താ ഒരു പാട്ടുപെട്ടി വാങ്ങിയാലു,അപ്പൊഴാണു അതിലും വലിയ ചെറിയ ചെറിയ ആവശ്യങ്ങളുടെ പട്ടിക കണ്ടത്. എന്നാല്‍ അതു കഴിഞ്ഞിട്ടാവം പാട്ടുപെട്ടി.അതും കഴിഞ്ഞു അവസാനം 2007ല്‍ ആണു ഒരു പാട്ടുപെട്ടിസ്വന്തമാക്കിയതു‍,അതോ അഭ്യുദയകാംക്ഷികലുടെ ഉപദേശത്തെ വകവയ്കാതെ ഏറ്റവും വിലകുറഞ്ഞ ഒന്നാണു ഞാന്‍ വാങ്ങിയതു. അപ്പോഴാണു ആദ്യത്തെ പ്രശ്നം കാസറ്റു കിട്ടാനില്ല,ഇപ്പൊ മുഴുവനും സിഡി അല്ല്യോ, പഴയ കാസറ്റു കൊണ്ട് അതും പരിഹരിക്കാമെന്നു കരുതിയപ്പോഴാണു അബദ്ധം പിടികിട്ടിയത് ആ കാസെറ്റിലെല്ലാം സൂക്ഷ്മജീവികല്‍ താമസമാക്കിയിരുന്നു അവ എന്റെ പാട്ടുപെട്ടിയെയും ബാധിച്ചിരിക്കുന്നു. ചികിത്സിക്കാം എന്നു കരുതിയാല്‍ ആ വൈദ്യം പടിച്ചവര്‍ ആരും ഇപ്പൊ ജീവിച്ചിരുപ്പില്ലത്രെ. അതോടെ പാട്ടുപെട്ടി എന്നെന്നേക്കുമായി അട്ടത്തിന്റെ പുറത്തുകയറി.

ഇനി ടെക് നോളജിക്കനുസരിച്ചു ഒരു ഐപോഡ് വാങ്ങിക്കണമെന്നാണു എന്റെ അടുത്ത ആഗ്രഹം,ഞാന്‍ ഐപോഡ് വാങ്ങിക്കുമ്പോഴേക്കും ടെക് നോളജി എവിടെ എത്തിക്കാണുമൊ എന്തോ?......

Thursday, September 27, 2007

ഞാന്‍

എന്തെങ്കിലും ഒക്കെ കാവ്യാത്മകത തുളുമ്പുന്ന ഭാഷയില്‍ എഴുതണം എന്നു എനിക്കും ആഗ്രഹമുണ്ട്. പക്ഷെ എന്തു ചെയ്യാന്‍ എന്റെ ഭാഷ ഇങ്ങനെ ആയിപ്പോയി ഇതു തന്നെ ഞാന്‍ എത്ര പാടുപെട്ടിട്ടാണെന്നോ സാദിക്കുന്നത്. എല്ലാവരും എഴുതുംപോല്‍ എനിക്കും എഴുതണമെന്നൊരാഗ്രഹം അതില്‍ നിന്നും ഉടലെടുത്തതാണ്‍ ഈ ബ്ലോഗ്.