Tuesday, November 20, 2007

പ്രോബബിലിറ്റി ഫോറ് ആന്‍ ആക്സിഡന്റ്

ബസ്സിറങ്ങി റോഡ് ക്രോസ്സ് ചെയ്യാന്‍ നിന്നപ്പോള്‍ ഇടതുനിന്നും ഒരു കാറും വലതുനിന്നും ഒരു ബൈക്കും വരുന്നുണ്ട്. മനസ്സില്‍ പെട്ടെന്ന് ഓറ്മ്മ വന്നതു അന്ന് ലാസ്റ്റ് പിരിയഡ് സ്റ്റാറ്റിസ്റ്റിക്സ് സാറ് എടുത്ത പ്രോബബിലിറ്റി ആണ്‍. അതിനു സാറ് തന്ന ഉദാഹരണങ്ങളില്‍ പ്രോബബിലിറ്റി ഫോറ് ആന്‍ ആക്സിഡന്റും ഉണ്ടായിരുന്നു. സ്റ്റാറ്റ് സാറിന്റെ പ്രോബബിലിറ്റിയില്‍ വിശ്വസിച്ചുകൊണ്ടു ഞാന്‍ മനസ്സില്‍ ഒരു പ്രോബബിലിറ്റി കാല്‍ക്കുലേഷന്‍ നടത്തി. കാറും ബൈക്കും എന്നില്‍ നിന്നും ഏതാണ്ട് ഒരേ ദൂരത്തില്‍ ആണ്‍, എന്റെ കാല്‍ക്കുലേഷന്റെ റിസല്‍റ്റനുസരിച്ച് ഒരു ശങ്കയൂം കൂടാതെ ധൈര്യമായി എനിയ്ക്കു റോഡ് ക്രോസ്സ് ചെയ്യാം.ഞാന്‍ ക്രോസ്സിങ്ങ് ആരംഭിച്ചു.

ഒരു നിമിഷം എന്താണു സംഭവിച്ചതെന്നു എനിയ്ക്കു തന്നെ മനസ്സിലായില്ല, ഓ! പരീക്ഷപേപ്പറില്‍ എന്ന പോലെ ഇവിടെയും പ്രോബബിലിറ്റി എന്നെ ചതിച്ചിരിയ്ക്കുന്നു, എന്റെ കാല്‍ക്കുലേഷന്റെ റിസല്‍റ്റ് തെറ്റായിരുന്നു (ഈ സ്റ്റാറ്റിസ്റ്റിക്സ് അല്ലെങ്കിലും ഇങ്ങനെയാ വിശ്വസിയ്ക്കാന്‍ കൊള്ളില്ല, മാത്രവുമല്ല എന്നോടു ഒരു സ്നേഹവുമില്ല) എന്റെ എപ്പോഴത്തെ അവസ്ഥ എന്താണെന്നുവെച്ചാല്‍ ചെകുത്താനും കടലിനും നടുക്ക് എന്നപോലെ കാറിനും ബൈക്കിനും ഇടയിലാണ്‍ ബൈക്ക് കാലില്‍ ഇടിച്ചിട്ടുണ്ടെന്നു കാല്‍ വേദനിയ്ക്കുന്നതില്‍ നിന്നും മനസ്സിലായി മാത്രവുമല്ല എന്റെ കയ്യിലിരുന്ന കെമിസ്ട്രി പുസ്തകം ഇപ്പോള്‍ ഭൂമിദേവിയുടെ കയ്യിലാണു ഇരിയ്ക്കുന്നതു ബൈക്കും ബൈക്കുകാരന്‍ ചേട്ടനും റോഡില്‍ കിടക്കുന്നു, കാറ്കാരന്‍ ചേട്ടന്‍ തലപുറത്തേക്കിട്ടു എന്നെ തെറി വിളിയ്കുന്നുണ്ട് നാട്ടുകാര്‍ കുറച്ചുപേരൊക്കെ ഓടി വരുന്നുണ്ട് .

പ്രോബബിലിറ്റിയെ ഉള്ളില്‍ ശപിച്ചുകൊണ്ടു ചമ്മല്‍ പുറത്തുകാണിക്കാതെ ഞാന്‍ എന്റെ പുസ്തകവും പെറുക്കി നടക്കാന്‍ തുടങ്ങി. അപ്പോഴേയ്ക്കും ബൈക്കുകാരന്‍ ചേട്ടന്‍ എന്തെങ്കിലും പറ്റിയോ എന്നു ചോദിച്ചുകൊണ്ട് എന്റെ അടുത്തേയ്ക്കെത്തി. തെറി കേല്‍ക്കാന്‍ തയ്യാറായി നിന്നിരുന്ന എനിയ്ക്ക്‍ കുശലന്വേഷണം കേട്ടപ്പോല്‍ ആശ്വാസമായി. “ ഏയ് ഒന്നുമില്ല ചേട്ടാ, ചേട്ടനു എന്തെങ്കിലും പറ്റിയോ? ” . അപ്പോഴെയ്ക്കും നാട്ടുകാരും എന്റെ ചുറ്റും കൂടി.ഭാഗ്യം, കാറുകാ‍രന്‍ ചേട്ടന്‍ അപ്പോഴെയ്ക്കും സ്ഥലം വിട്ടിരുന്നു. ബൈക്കുകാരന്‍ ചേട്ടന്‍ എന്നെ വിടാനുള്ള ഉദ്ദേശമില്ല.

“ വാ‍ നമുക്ക് ആശുപത്രീ പോവാം”
നാട്ടുകാരും ചേട്ടന്റെ കൂടെ ചേറ്ന്നു. “കാലില്‍ ഇടിയ്ക്കുന്നതു ഞാന്‍ കണ്ടതാ ഇപ്പോ ഒന്നും തോന്നില്ല, കുറ്ച്ചു കഴിയുമ്പോഴാ വേദന വരുക” . ആരുടെയോ വക കമന്റ്.

ഈശ്വരാ ആശുപത്രിയോ ഇതു പൊല്ലാപ്പാവുമെന്നാ തോന്നുന്നെ, ആക്സിഡന്റാ കേസ്സ്, ഇനി മിണ്ടാതിരുന്നിട്ടു കാര്യമില്ല,

“ എനിയ്ക്ക് ഒരു കുഴപ്പവുമില്ല ആശുപത്രീലൊന്നും പോവണ്ട, ഞാന്‍ വീട്ടില്‍ പൊയ്കോളാം “

പക്ഷെ ബൈക്കുകാരന്‍ ചേട്ടന്‍ എന്നെ ആശുപത്രീ കൊണ്ടോയാലെ സമധാനം കിട്ടു എന്നാണ്‍.
അവസ്സാനം എന്റെ അപേക്ഷ സ്വീകരിയ്ക്കപ്പെട്ടു, വീട്ടില്‍ പോകാനുള്ള അനുവാദം കിട്ടി. പോവാനായി എണീറ്റ ഞാ‍നിതാ കിടക്കുന്നു താഴെ, ഒന്നും ഇല്ല തലകറങ്ങി വീണതാ.

കണ്ണുതുറക്കുമ്പോല്‍ ഞാന്‍ ഓട്ടോയില്‍ ആണ്‍. “ എന്നെ ഇതെവിടെയ്ക്കാ കൊണ്ടുപോവുന്നെ? “
“പേടിയ്ക്കണ്ട മോളെ നമുക്കു ആശുപത്രീലൊന്ന് കാണിച്ചിട്ടു വീട്ടില്‍ പോകാം”.
ഇനി രക്ഷയില്ല.. “ ഏതു ആശുപത്രീലേയ്ക്കാ, എന്നെ എന്റെ അമ്മയുടെ ആശുപത്രീ കൊണ്ടോയാമതി” (അമ്മയുടെ ആശുപത്രി എന്നാല്‍ അമ്മ ജോലി ചെ യ്യുന്ന ആശുപത്രി എന്നറ്ഥം).

ആശുപത്രിയുടെ പടിയ്ക്കല്‍ തന്നെ എന്നെ കണ്ടിട്ടു വേണം,കരച്ചില്‍ തുടങ്ങാന്‍ എന്ന ഭാവത്തില്‍ അമ്മനില്‍ക്കുന്നുണ്ട്. എന്നെ കണ്ടപ്പോഴെ അമ്മയ്ക്കു മനസ്സിലായി കുഴപ്പമൊന്നും ഇല്ല എന്റെ കയ്യിലിരുപ്പുകൊണ്ടുണ്ടായ പ്രശ്നമാണെന്നു.

ഡോക്ട് റെ കണ്ടു, സറ്ട്ടിഫിക്കറ്റും കിട്ടി "I'm Perfectly all right". പേടിച്ചു തലചുറ്റിയതാണ്‍.

ബൈക്കുകാരന്‍ ചേട്ടന്‍ ഹാപ്പി, പോകും നേരം ഒരു ഉപദേശവും “ ഇനിയെങ്കിലും റോഡ് ക്രോസ്സ് ചെയ്യുന്നതു ശ്രദ്ധിച്ചു വേണം”.

നാട്ടുകാരുടെ വിവരണം കൂടെ കേട്ടപ്പോള്‍ അമ്മയുടെ B P ഹൈ.

എന്തായാലും അടുത്തദിവസ്സം തന്നെ അമ്മമ്മയുടെ പ്രത്യേക നിറ്ദേശപ്രകാരം എന്റെ കയ്യില്‍ ഒരു രക്ഷാ ചരടു കയറി, അസൂയക്കാരുടെ കണ്ണുകൊണ്ടാണ്‍ അപകടം പറ്റിയതെന്നാണു അമ്മമ്മയുടെ മതം.

“പ്രോബബിലിറ്റി എന്നെ ചതിച്ചതാണെന്ന കാര്യം അമ്മമ്മയ്ക്കറിയില്ലല്ലോ“