Monday, February 11, 2008

ജ്യോത്സ്ന

എന്റെ വീട്ടില്‍ ഒരു മുല്ല ചെടി ഉണ്ടായിരുന്നു. എല്ലാകാലത്തും അതില്‍ പൂവും ഉണ്ടാവുമായിരുന്നു. ആദ്യമൊക്കെ ആ മുല്ലയില്‍ വളരെകുറച്ച് പൂവേ ഉണ്ടാവാറുള്ളു.എന്നു വെച്ചാല്‍ പേരിനു മാത്രം എന്നും പൂവു കാണും അത്ര തന്നെ. എന്റെ അച്ഛനാണെങ്കില്‍ പൂന്തോട്ടനിറ്മാണത്തിലും പരിപാലനത്തിലും വലിയ കമ്പവുമാണ്‍. അച്ഛന്‍ അതിനു പ്രത്യേക ശുശ്രൂഷയും നല്‍കിയിരുന്നു.

വേനല്‍ക്കാലമായാല്‍ ചെടികള്‍ നനയ്ക്കണമല്ലോ, കുഞ്ഞായിരുന്നപ്പോള്‍ ചെടിനനയ്ക്കാനുള്ള അനുവാദം എനിയ്ക്കുണ്ടായിരുന്നില്ല. അന്നൊക്കെ ചേച്ചി നനയ്ക്കുന്നതും നോക്കി കൊതിയോടെ നില്‍ക്കുമായിരുന്നു. അപൂറ് വമായി അവളുടെ ദാക്ഷിണ്യം കൊണ്ട് ഒന്നോ രണ്ടോ ചെടി നനയ്ക്കാനുള്ള അവസരവും ലഭിച്ചിരുന്നു.അങ്ങനെ ഞാന്‍ നാലാം ക്ലാസ്സില്‍ എത്തിയപ്പോഴാണ്‍ ചെടിനനയുടെ പൂറ്ണ ചുമതല എനിയ്ക്കു കിട്ടിയത്. ചേച്ചി വലിയ ക്ലാസ്സില്‍ ആവുകയും അവള്‍ക്ക് റ്റൂഷ്യന്‍ എന്ന രണ്ടാം സ്കൂളിലേയ്ക്ക് പോകേണ്ടതിനാല്‍ ചെടി നനയ്ക്ക് സമയം ഇല്ലാതായതുമാണ്‍, ഈ അധികാരകൈമാറ്റത്തിന്റെ രഹസ്യം.

അങ്ങനെ ഞാ‍ന്‍ എന്റെ പുതിയ ജോലി വളരെയധികം ശുഷ്കാന്തിയോടെയും താല്പര്യത്തോടെയും ചെയ്തുപോന്നു. ആവറ്ത്തനവിരസത എന്നെയും ബാധിയ്ക്കാന്‍ തുടങ്ങി. ഇനിയുള്ള കൂടപ്പിറപ്പ് തീരെ കുഞ്ഞായതുകൊണ്ട് അധികാരകൈമാറ്റം അടുത്തെങ്ങും നടപ്പില്ല. മാത്രവ്വുമല്ല ഏല്പിച്ച ജോലി മടുത്തുതുടങ്ങി എന്ന് അച്ഛനോട് പറയാന്‍ എന്റെ ദുരഭിമാനം സമ്മതിയ്ക്കുന്നുമില്ല.

അതുകൊണ്ടു തന്നെ മടുപ്പു മാറ്റാന്‍ ഞാനൊരു വഴി കണ്ടുപിടിച്ചു. ചെടികളെയൊക്കെ ഞാനെന്റെ കൂട്ടുകാരായി സങ്കല്പിയ്ക്കാന്‍ തുടങ്ങി. മിക്ക ചെടികള്‍ക്കും ഓരോ പേരും കൊടുത്തു. എല്ലാവരോടും വിശേഷം പറഞ്ഞുകൊണ്ടായി പിന്നത്തെ എന്റെ ചെടിനന. ഞങ്ങളുടെ മുല്ലച്ചെടിയ്ക്കു ഞാന്‍ കൊടുത്ത പേരാണ്‍ ജ്യോത്സ്ന. ഈ പേരിന്റെ ഉത്ഭവം കാളിദാസന്റെ ശാകുന്തളത്തില്‍ നിന്നാണ്‍. ചേച്ചിയ്ക്ക് ശാകുന്തളത്തിന്റെ ഒരു ചെറിയ ഭാഗം പഠിയ്ക്കാനുണ്ടാ‍യിരുന്നു. അവള്‍ അവള്‍ക്കു മനസ്സിലായ ശാകുന്തളത്തിന്റെ കഥ എനിയ്ക്കും പറഞ്ഞു തന്നിരുന്നു. അങ്ങനെയാണ്‍ ശകുന്തളയുടെ മുല്ലച്ചെടിയായ വനജ്യോത്സ്നയെ ഞാന്‍ പരിചയപ്പെടുന്നത്. കാളിദാസന്റെയും ശാകുന്തളത്തിന്റെയും മഹത്വം മനസ്സിലാക്കിയിട്ടൊന്നുമല്ല ആ പേര്‍ എനിക്കിഷ്ടപ്പെട്ടിരുന്നതുകൊണ്ട് ഞാനതു എന്റെ മുല്ലയ്ക്കുവേണ്ടി തിരഞ്ഞെടുത്തു.പക്ഷേ എന്റെ മുല്ലച്ചെടി വനത്തില്‍ അല്ലാത്തതിനാല്‍ ഞാന്‍ അതില്‍നിന്നും ജ്യോത്സ്ന എന്നതുമാത്രം സ്വീകരിച്ചു.

അപ്പോഴേയ്ക്കും ജ്യോത്സ്നയില്‍ നന്നായി പൂവുണ്ടാവാനും തുടങ്ങിയിരുന്നു. എന്നും ഞങ്ങള്‍ക്കു പൂവു തരുന്നതുകൊണ്ടാണോ എന്നറിയില്ല , മറ്റുചെടികളേക്കാള്‍ എനിക്കിഷ്ടം ജ്യോത്സ്നയോടായിരുന്നു. ജ്യോത്സ്നയോട് ഞാന്‍ എല്ലാ വിശേഷങ്ങളും പറയുമായിരുന്നു. ഒരു ഉത്സവകാലത്തു ജ്യോത്സ്നയില്‍ എന്നും നിറയെ പൂവുണ്ടാവാന്‍ തുടങ്ങി.ഇലകള്‍ കാണാനൊക്കാത്തവിധത്തില്‍ പൂക്കള്‍. ഞങ്ങള്‍ക്കു വലിയ ഗമയായിരുന്നു അന്ന്, കാരണം ഞങ്ങള്‍ക്കു വേണ്ടത്ര എടുത്തിട്ട് ബാക്കി പൂവു അയല്പക്കത്തുള്ള മറ്റു കുട്ടികള്‍ക്കു കൊടുക്കുമായിരുന്നു. നിങ്ങളുടെ മുല്ലയ്ക്കെന്താഭ്രാന്ത് പിടിച്ചോ എന്ന് ചിലരൊക്കെ കമന്റും പറയാറുണ്ട്.

ഒരു ദിവസം ഞങ്ങള്‍ പൂവെല്ലാം കൊരുത്തു കഴിഞ്ഞപ്പോഴേയ്ക്കും രണ്ട് വലിയ ഉണ്ട പൂവ്വുണ്ടായിരുന്നു.എല്ലാവറ്ക്കും അതിശയമായി. അന്നു ഞങ്ങള്‍ എല്ലാവരും പൂവും ചൂടി ഉത്സവത്തിനു പോവുകയും ചെയ്തു. പക്ഷേ ഞങ്ങളാരും അറിഞ്ഞിരുന്നില്ല അതു ജ്യൊത്സ്നയുടെ അവസാനത്തെ വസന്തമായിരുന്നു എന്ന്. അതിനുശേഷം ജ്യോത്സ്നയില്‍ ഒരു പൂമൊട്ടുപോലും ഉണ്ടായില്ല. അച്ഛന്‍ പലതരം വളങ്ങള്‍ പരീക്ഷിച്ചുനോക്കി, ഞാന്‍ ജ്യോത്സ്നയോട് നിനക്കെന്താ പറ്റിയതെന്നു ഒരുപാടു തവണ ചോദിച്ചു, അവള്‍ ഇലകള്‍കൊണ്ട് എന്നെ ഉരുമുക മാത്രം ചെയ്തു. എനിയ്ക്കു കരച്ചില്‍ വരുന്നുണ്ടായിരുന്നു. ദിവസങ്ങള്‍ കഴിയുംതോറും അവള്‍ തന്റെ വയ്യായ്ക കൂടുതല്‍ പ്രകടിപ്പിയ്ക്കാന്‍ തുടങ്ങി.


പിന്നീട് ഞാനവള്‍ക്കു വെള്ളമൊഴിയ്ക്കുമ്പോള്‍ , അച്ഛ്നും അമ്മമ്മയുമെല്ലാം പറയുമായിരുന്നു ഇനി അതിന്‍ വെള്ളമൊഴിയ്ക്കണ്ട. ഒഴിച്ചിട്ട് ഒരു കാര്യവുമില്ല. പക്ഷെ എന്നാലും ഞാന്‍ എന്നും അവളെ നനച്ചു പോന്നു. അവളുടെ ഇലകളിലെല്ലാം എന്തോ നിറവ്യത്യാസം വരാന്‍ തുടങ്ങി, ക്രമേണ ഇലകൊഴിയാനും അവള്‍ ഉണങ്ങാനും തുടങ്ങി. എന്നാലും ഞാന്‍ എന്നും അവളോട് എന്റെ വിശേഷങ്ങള്‍ പറയുമായിരുന്നു. ഒരു ദിവസം സ്കൂളുവിട്ടു ഞാന്‍ വന്നപ്പോള്‍ അച്ഛന്‍ എന്റെ ജ്യോത്സ്ന നിന്നിടത്തുനിന്നു തൂമ്പകൊണ്ടു കിളയ്ക്കുന്നു. ഞാന്‍ ഞെട്ടിപ്പോയി ജ്യോത്സ്നയെ കാണാനില്ല.

“അച്ഛാ ഇവിടെ ഉണ്ടായിരുന്ന മുല്ലച്ചെടിയോ?“

“അതോ അതു ഞാന്‍ വെട്ടിക്കളഞ്ഞു“

അച്ഛന്റെ മുഖത്തു നിറ് വികാരത.... എനിയ്ക്ക് സങ്കടം വന്നു
“അച്ഛനെന്തു പണിയാ ചെയ്തെ അതു പൂ തന്നിരുന്ന സ്സമയത്ത് അതിനോട് എല്ലാറ്ക്കും എന്തിഷ്ടമായിരുന്നു ഇപ്പൊ അതിനു വയ്യാണ്ടായപ്പൊ വെട്ടി കളഞ്ഞൂലെ“
ഞാന്‍ കരയാന്‍ തുടങ്ങിയിരുന്നു. അച്ഛനു അതു കണ്ടിട്ടു ചിരിയും.
“നീ എന്തിനാ കരയുന്നെ ഞാന്‍ ഇന്നു തന്നെ വേറെ ഒരു മുല്ല നടുന്നുണ്ട്. അടുത്തകൊല്ലം ഈ സമയമാവുമ്പോഴേയ്ക്കും അതിലും നിറയെ പൂവുണ്ടാവും“.

ഞാന്‍ ഒന്നും മിണ്ടിയില്ല . പക്ഷേ ആ മുല്ല എന്റെ ജ്യോത്സ്നയായിരിയ്ക്കില്ലല്ലോ? തെങ്ങിന്‍ ചുവട്ടില്‍ കിടന്നിരുന്ന എന്റെ ജ്യോത്സ്നയെ കുറച്ചു സമയം കഴിഞ്ഞപ്പോള്‍ അയല് വക്കത്തെ ചേച്ചി ആടിനു കൊടുക്കാനായി വാരിക്കൊണ്ടുപോയി. എന്റെ സങ്കടം ഞാന്‍ ആരോടു പറയാന്‍. അങ്ങനെ എനിയ്യ്ക്കെന്റ ജ്യോത്സ്നയെ നഷ്ടമായി.